v

(adsbygoogle = window.adsbygoogle || []).push({});

Friday, 8 January 2016

ഹൃദയാരോഗ്യത്തിന്‌ ആയുര്‍വേദം

ആഹാരം, വ്യായാമം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ഹൃദയാരോഗ്യത്തിന്‌ ആവശ്യമാണ്‌. ഹൃദയാരോഗ്യത്തിന്‌ ആയുര്‍വേദം അനുശാസിക്കുന്ന 25 വഴികള്‍.
അശ്രദ്ധമായ ജീവിതരീതിയാണ്‌ ഹൃദയരോഗങ്ങള്‍ക്ക്‌ മുഖ്യകാരണം. ആഹാരം, വ്യായാമം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ഹൃദയാരോഗ്യത്തിന്‌ ആവശ്യമാണ്‌. ഹൃദയാരോഗ്യത്തിന്‌ ആയുര്‍വേദം അനുശാസിക്കുന്ന 25 വഴികള്‍.
1. യോജിച്ച വ്യായാമരീതി
ശരീരത്തിന്‌ യോജിച്ച വ്യായാമരീതി വേണം തെരഞ്ഞെടുക്കുവാന്‍. അതായത്‌ തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കുംപോലെ ഭാരപ്പെട്ട വ്യായാമമുറകള്‍ ശീലിക്കരുത്‌. ഇത്‌ വ്യായാമത്തിന്റെ കാര്യത്തില്‍ മാത്രമല്ല, നിത്യജീവിതത്തിലും ശ്രദ്ധിക്കണം. പെട്ടെന്ന്‌ ഒരു ദിവസം ശരീരത്തിന്‌ ആയാസമുള്ള ജോലികള്‍ ചെയ്യരുത്‌. ശീലമില്ലാത്തവര്‍ കുത്തനെയുള്ള കയറ്റം വേഗം കയറുക, നീന്തുക, ഭാരം ചുമക്കുക,തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. കൂടാതെ അമിത വ്യായാമവും ഒഴിവാക്കണം. ഇവയെല്ലാം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കും.
2. ഛര്‍ദ്ദി തടഞ്ഞുനിര്‍ത്താതിരിക്കുക
ആയുര്‍വേദത്തിലെ ശരീരവേഗങ്ങളിലൊന്നായ ഛര്‍ദ്ദി തടഞ്ഞുനിര്‍ത്തുന്നത്‌ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ ഉണ്ടാകുമ്പോള്‍ ഛര്‍ദ്ദിക്കുകതന്നെ വേണം. വ്യാനവായുവില്‍പെട്ടതാണ്‌ ഛര്‍ദ്ദി.
3. മനോവികാരങ്ങളെ അടിച്ചമര്‍ത്താതിരിക്കുക
ഭയം, ശോകം, ക്ഷോഭം, മാനസികസംഘര്‍ഷം തുടങ്ങിയ മാനസികവികാരങ്ങളെ അടിച്ചമര്‍ത്താതിരിക്കണം. മനോവികാരങ്ങളെ തടഞ്ഞുനിര്‍ത്തുമ്പോള്‍ രക്‌തസമ്മര്‍ദ്ദം കൂടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. കടുത്ത ദു:ഖം കരഞ്ഞുതീര്‍ക്കുകയും ക്ഷോഭം വരുമ്പോള്‍ പറഞ്ഞുതീര്‍ക്കുകയും വേണം. പക്ഷേ, ആത്മസംയമനം പാലിച്ചുകൊണ്ടാവണം എന്നുമാത്രം. കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ അടക്കിനിര്‍ത്തുന്നത്‌ ഒഴിവാക്കണം. ചിന്തകളെ മറ്റു മേഖലകളിലേക്ക്‌ മാറ്റിവിടുന്നതും ഉചിതമാണ്‌.
4. വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുക.
ആഹാരത്തില്‍ നിന്നും വിരുദ്ധാഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. തൈരും കോഴിയിറച്ചിയും തൈരും മീനും, ചെമ്മീനും പാലും എന്നിങ്ങനെയുള്ള ആഹാരങ്ങള്‍ ആയുര്‍ വേദ വിധിപ്രകാരം വിരുദ്ധാഹാരങ്ങളാണ്‌. അവ ഒരേ സമയം കഴിക്കാതിരിക്കണം. ഇത്തരം വിരുദ്ധാഹാരം തമ്മില്‍ ചേരുമ്പോള്‍ പ്രതിപ്രവര്‍ത്തനം മൂലം വിഷസ്വഭാവമുള്ളതായിത്തീരുന്നു. ഇത്‌ ഹൃദയരസധാതുവിന്‌ ദോഷകരമായി തീരും.
5. അമിത ഭക്ഷണം പാടില്ല
കണ്ണില്‍ കാണുന്നതെല്ലാം കഴിക്കുന്ന ശീലം ഉപേക്ഷിക്കുക. വിശപ്പകറ്റാന്‍ മാത്രം ആഹാരം കഴിക്കുന്ന ശീലം ജീവിതത്തിന്റെ ഭാഗമാക്കുക. മൂക്കുമുട്ടെ തിന്ന്‌ വയര്‍ പെരുപ്പിക്കുന്നത്‌ ഗുണത്തെക്കാളേറെ ദോ ഷമാണ്‌. ആഹാരം കഴിവതും കുറയ്‌ക്കുക. ഭക്ഷണം കഴിക്കുകയും വ്യായാമം കുറവുമായാല്‍ ശരീരത്തില്‍ കൊഴുപ്പ്‌ അമിതമായി അടിഞ്ഞുകൂടാനും അമിതവണ്ണത്തിനുമിടയാക്കും.
6. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം
വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്നത്‌ ശീലമാക്കുക. ഒരിക്കല്‍ കഴിച്ച ഭക്ഷണം പൂര്‍ണമായി ദഹിച്ചതിനുശേഷം കഴിക്കുക. ശരിയായ വിശപ്പ്‌, ശരിയായ മലമൂത്രവിസര്‍ജ്‌ജനം എന്നിവ ദഹനപ്രക്രിയ പൂര്‍ണമായതിന്റെ ലക്ഷണമാണ്‌. ആയുര്‍വേദവിധിപ്രകാരം ഭക്ഷണം കഴിക്കുന്നതിന്‌ രണ്ടുകാലമാണുള്ളത്‌. പ്രഭാതഭക്ഷണം രാവിലെ പത്തുമണിയോടെയും രാത്രിയില്‍ അത്താഴവും.
7.ശീലമില്ലാത്തത്‌ കഴിക്കരുത്‌
പുതിയ ഭക്ഷണശീലം ഒഴിവാക്കണം ശീലിച്ച ഭക്ഷണക്രമത്തില്‍നിന്നും പുതിയ ഭക്ഷണശീലത്തിലേക്ക ്‌പെട്ടെന്ന്‌ മാറാതിരിക്കണം. ശരീരത്തിന്‌ ശാസ്‌ത്രീയമായ ചില ശീലങ്ങളുണ്ട്‌. പരിചയമില്ലാത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിന്‌ അതിനോട്‌ പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത്‌ പല തരത്തിലുളള ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കും.
8. മലമൂത്ര വിസര്‍ജനം പിടിച്ചുനിര്‍ത്തരുത്‌
മലമൂത്രവിസര്‍ജനം സമയാസമയത്തുതന്നെ നടത്തുക. ബലം പ്രയോഗിച്ച്‌ ഇവ തടഞ്ഞു നിര്‍ത്തുന്നത്‌ അപകടകരമാണ്‌. അഞ്ചു വാതങ്ങളാണ്‌ ശരീരത്തിനുള്ളത്‌. അതില്‍ അദാനവാതത്തില്‍പെടുന്നതാണ്‌ മലമൂത്രവിസര്‍ജനം. ഇത്‌ തടസപ്പെടുമ്പോള്‍ വാതം മുകളിലേക്ക്‌ കടക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യുന്നു. മുകളിലേക്കു കടക്കുന്ന അദാനവാതം മറ്റൊരു വഴിയിലൂടെ പുറത്തു പോകുന്നു.
9. മനസ്‌ ശുദ്ധിയായി സൂക്ഷിക്കുക
മനസിനെ മലിനപ്പെടുത്തുന്ന മത്സരബുദ്ധി, അസൂയ, പക തുടങ്ങിവ തുടച്ചുമാറ്റുക. മനസിന്റെ ആരോഗ്യമാണ്‌ ശരീരത്തിന്റെ ആരോഗ്യം. ദുഷ്‌ചിന്തകള്‍കൊണ്ട്‌ മനസ്‌ മലിനമാക്കുന്നത്‌ ഹൃദയാരോഗ്യത്തിന്‌ ദോഷം ചെയ്യും. മനസില്‍നിന്നും മറ്റു ചിന്തകളെയെല്ലാം കളഞ്ഞ്‌ പവിത്രമായി സൂക്ഷിക്കുക. നന്മ നിറഞ്ഞ മനസുള്ളവര്‍ക്ക്‌ ആരോഗ്യമുള്ള ഹൃദയവുമുണ്ടാകും.
10. കട്ടിയുള്ളതും എണ്ണമയമുള്ളതുമായ ഭക്ഷണം ഒഴിവാക്കണം.
കൊഴുപ്പു കൂടുന്ന തരത്തിലുള്ള വറുത്തതും പൊരിച്ചതും എണ്ണമയമുള്ളതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക. ഇത്‌ ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ്‌ കൂടാന്‍ കാരണമാകും. അമിത കൊളസ്‌ട്രോള്‍ ഹൃദയത്തിന്‌ ഭീഷണിയാണ്‌. ബേക്കറി സാധനങ്ങളുടെ ഉപയോഗവും പരമാവധി കുറയ്‌ക്കുക.
11. പകല്‍ ഉറക്കം ഒഴിവാക്കണം, ഉറക്കമിളയ്‌ക്കരുത്‌
പകല്‍ സമയത്തെ ഉറക്കം പാടേ ഒഴിവാക്കണം. അതേ സമയം രാത്രിയില്‍ ഉറക്കമിളയ്‌ക്കരുത്‌. എന്നാല്‍ രോഗികളും പ്രായമായവരും കൊച്ചുകുഞ്ഞുങ്ങളും പകല്‍ ഉറങ്ങിയാല്‍ ദോഷമില്ല. പകല്‍ ഉറക്കം കഫവര്‍ധനയുണ്ടാക്കും. ഇത്‌ ഹൃദയത്തിന്‌ ഹാനികരമാണ്‌.
12. പഥ്യമായ ആഹാരം തെരഞ്ഞെടുക്കുക
ആരോഗ്യത്തിന്‌ ഹാനികരമല്ലാത്ത ഭക്ഷണസാധനങ്ങള്‍ തെരഞ്ഞെടുത്ത്‌ ഉപയോഗിക്കുക. ചെന്നല്ല്‌ അരി, ചെറുപയര്‍, യവം, വന്യജീവികളുടെ മാംസം, പടവലങ്ങ, കൈപ്പക്ക എന്നിവ ധാരാളം ഉപയോഗിക്കുക. ഇവയില്‍ ഫാറ്റ്‌ ഡിപ്പോസിറ്റ്‌ വളരെ കുറവാണ്‌.
13. മിതമായി സംസാരിക്കുക
മിതമായും ശബ്‌ദം താഴ്‌ത്തിയും സംസാരിക്കുക. ഉറക്കെയും പരുക്കനായും സംസാരിക്കുന്നവരില്‍ ഹൃദ്രോഗസാധ്യത കൂടുതലാണ്‌. ഏതു സാഹചര്യത്തിലും മിതമായി സംസാരിക്കുക. പരുക്കനായും ഉയര്‍ന്ന ശബ്‌ദത്തിലും സംസാരിക്കുമ്പോള്‍ രക്‌തസമ്മര്‍ദ്ദം ഉയരാനിടയാക്കും. ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ.
14. അമിത ലൈംഗികവേഴ്‌ ച ഒഴിവാക്കണം
അമിത ലൈംഗികവേഴ്‌ച ഹൃദയത്തിന്‌ ഹാനികരമാണ്‌. ഇത്‌ ഓജക്ഷയത്തിനും അധാനവായുവര്‍ധനവിനും കാരണമാകും. പതിവായുള്ള ലൈംഗികവേഴ്‌ച ഒഴിവാക്കണം. ലൈംഗികവേഴ്‌ചയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌ നന്നായിരിക്കും. അമിത ലൈംഗിക ചിന്ത ഒഴിവാക്കുന്നതും ഹൃദയാരോഗ്യത്തിന്‌ നല്ലതാണ്‌.
15. ഭക്ഷണശേഷം വിശ്രമം വേണം
ഭക്ഷണം കഴിഞ്ഞയുടനെ നടത്തം, യാത്ര, വ്യായാമം തുടങ്ങിയവ പാടില്ല. ഭക്ഷണം ദഹിക്കാന്‍ സമയം ആവശ്യമാണ്‌്. ആഹാരത്തിലെ രസധാതു ശരിയായ അളവില്‍ ശരീരത്തില്‍ എല്ലാഭാഗത്തും എത്തിച്ചേരേണ്ടതുണ്ട്‌.
16. മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക
പുകവലിയും മദ്യപാനവും ആരോഗ്യത്തിന്‌ ഹാനികരമാണ്‌. പ്രത്യേകിച്ചും ഇവ ഹൃദയാരോഗ്യത്തിന്‌ ഹാനികരമാണ്‌. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം പാടേ ഉപേക്ഷിക്കുക. ഇവ രണ്ടും ദുശീലങ്ങള്‍ തന്നെയാണ്‌.
17.ഹാനികരമായ ഭക്ഷണം ഒഴിവാക്കുക
ശരീരത്തിന്‌ ഹാനികരമായ മത്സ്യം, പോത്തിറച്ചി, തൈര്‌, ശര്‍ക്കര, ഉഴുന്ന്‌ തുടങ്ങിയവയുടെ അമിത ഉപയോഗം കുറയ്‌ക്കുക. ഇവയെല്ലാം കഫവര്‍ധനയ്‌ക്ക് കാരണമാകും.
18. നീര്‍മാതളത്തൊലിയും പാലും
നീര്‍മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച്‌ പശുവിന്‍പാലില്‍ ചേര്‍ത്ത്‌ നിത്യവും സേവിക്കുക. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും.
19. മരുന്നു സേവിക്കുക
പാര്‍ഥാരിഷ്‌ടം, ദശമൂലാരിഷ്‌ടം, ധാന്വന്തരം ഗുളിക, വായുഗുളിക, നയോപായം കഷായം, രസോനാതികഷായം, വിചാരിയാതി കഷായം എന്നിവ സേവിക്കുക. കഫം, വായു എന്നിവയുടെ അസ്വസ്‌ഥതകള്‍ക്ക്‌ ആശ്വാസം ലഭിക്കും. കഫവര്‍ധനമൂലം ഹൃദയത്തിന്‌ തകരാറുണ്ടാകാതെ സൂക്ഷിക്കാം. മരുന്നുകളെല്ലാം വൈദ്യനിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക.
20. ചുക്ക്‌ വെള്ളം കുടിക്കാം
കുടിക്കാന്‍ ചുക്കുവെള്ളം തെരഞ്ഞെടുക്കുകയാണ്‌ ഉത്തമം. ചായയുടെയും മറ്റും ഉപയോഗം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. ഔഷധഗുണം ഏറെയുള്ളതാണ്‌ ചുക്ക്‌.
21. രസായനവും ഭസ്‌മവും സേവിക്കുക
അഗസ്‌ഥ്യരസായനവും ബ്രാഹ്‌മരസായനം, കന്മദ ഭസ്‌മം എന്നിവ വൈദ്യനിര്‍ദ്ദേശപ്രകാരം സേവിക്കുക. ഇവ ഹൃദയത്തിന്റെ സുഖകരമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.
22.വയര്‍ ശുദ്ധിവരുത്തുക
ത്രികോല്‍പ്പക്കൊന്ന, നാഗഗന്ധി, മുന്തിരിങ്ങ, ഇവയിട്ടു വച്ച കഷായം വൈദ്യനിര്‍ദ്ദേശപ്രകാരം സേവിച്ച്‌ വര്‍ഷത്തില്‍ രണ്ടുതവണ വയറിളക്കുക. ആഹാരത്തിലൂടെ വയറിനുള്ളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ പൂര്‍ണ്ണമായും പുറം തള്ളാനും ശരീരത്തിന്‌ ശുദ്ധിവരുത്താനും ഇതു സഹായിക്കുന്നു.
23. ഓരിലവേര്‌ പാല്‍കഷായം
ഓരിലയുടെ വേര്‌ പാല്‍ക്കഷായമാക്കി സേവിക്കുക. വൈദ്യനിര്‍ദ്ദേശപ്രകാരം വേണം കഷായം സേവിക്കാന്‍. അഞ്ചുഗ്രാം വേര്‌ ഒരു ഗ്ലാസ്‌ പാല്‍, നാലുഗ്ലാസ്‌ വെള്ളം എന്നിവചേര്‍ത്താണ്‌ പാല്‍ക്കഷായം ഉണ്ടാക്കുന്നത്‌. പാലും വെള്ളവും കലര്‍ത്തി അതില്‍ വേര്‌ കിഴികെട്ടിയിടണം. വെള്ളം പൂര്‍ണ്ണമായി വറ്റിതീരുംവരെ തിളപ്പിക്കണം. ഈ കഷായം രാത്രി ഭക്ഷണത്തിനുശേഷം കിടക്കാന്‍നേരം സേവിക്കണം. ഹൃദയശുദ്ധിക്ക്‌ കഷായം സഹായിക്കും.
24. വെളുത്തുള്ളി പാല്‍ക്കഷായം ശീലമാക്കുക
വെളുത്തുള്ളി പാല്‍ക്കഷായം ശീലമാക്കുന്നതും ഹൃദയരോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. ഈ കഷായവും രാത്രി കിടക്കുന്നതിനു മുമ്പ്‌ ഭക്ഷണശേഷം സേവിക്കണം.
25. ഭക്ഷണത്തിന്‌ മുമ്പ്‌ ഹിങ്കുവജാതി ചൂര്‍ണം
രണ്ടുനേരം ഭക്ഷണത്തിനു മുമ്പ്‌ ഹിങ്കുവജാതി ചൂര്‍ണം ചൂടുവെള്ളത്തില്‍ ലയിപ്പിച്ച്‌ സേവിക്കുന്നത്‌ ഉത്തമമാണ്‌. ഇതിന്റെ അളവും കണക്കും വൈദ്യനിര്‍ദ്ദേശപ്രകാരമാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

No comments:

Post a Comment

hoz pub

hor